അഹം , ഞാൻ

ആരൊരാളെൻ കുതിരയെക്കെട്ടുവാൻ ? ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?"

 അശ്വമേധം, വയലാർ



എൻ്റെ ജീവിതം വളരെ ചുരുക്കിപ്പറഞ്ഞാൽ ഒരു പുസ്തകം തന്നെയാണ് പക്ഷേ അതെഴുതിയത് ദൈവമാണോ സാത്താനാണോ എന്നറിയാൻ രണ്ടു പേരുടെയും കൈയെഴുത്ത്  കണ്ടിട്ടില്ല. കാരണം അവർക്ക് രണ്ട് പേർക്കും നമ്മളേയൊക്കെപ്പോലെ നോട്ട് ബുക്കും കൊണ്ട് ഒരു അദ്ധ്യാപകൻ്റെയോ അധ്യാപികയുടേയോ മുമ്പിൽ പോയി നിൽക്കേണ്ടി വന്നിട്ടില്ല. നല്ല കൈയക്ഷരം ഇല്ലാത്തത് കുട്ടിക്കാലത്ത് ചെറുതല്ലാത്ത അപകർഷതാ ബോധം ഉണ്ടാക്കിയിട്ടുണ്ട്.ടീച്ചറോ സാറോ വിചാരിച്ചാൽ നോട്ട് ബുക്കുകൾ പിറാവുകളേപ്പോലെ പറക്കുമായിരുന്നു അക്കാലത്ത്! എനിക്ക് എൻറെ നോട്ടുബുക്കുകൾ പറക്കുന്നത് ഇഷ്ടമേയല്ലായിരുന്നു അത്  കൊണ്ട് മാത്രം ഞാൻ എഴുതാതെ ഇരുന്നിട്ടുണ്ട്. ക്ലാസിൽ വർത്തമാനം പറയുന്നത് നിഷിദ്ധമായിരുന്നു. കൂട്ടുകാർ കലപില കലപില കൂട്ടുമ്പോൾ കാതുകൾ കൂട്ടിപ്പിടിച്ച്  ഗാന്ധി പറഞ്ഞ കുരങ്ങൻമാരിൽ ഒരാളായി ഇരുന്നിട്ടുണ്ട് ഞാൻ.രണ്ട് ചെവിക്കും തിരുമ്മൽ കിട്ടിയവനേപ്പൊലെ ഇരുന്നവൻ്റെയുള്ളിൽ നിന്നും എപ്പോഴാണ് വാക്ക് ഒരു ഭ്രാന്തൻ കുതിരയപ്പോലെ പുറത്തു ചാടിയത്, രാമച്ഛൻ എന്ന് ഞാൻ വിളിക്കുന്ന വയലാർ രാമവർമ്മ  പാഠ പുസ്തകത്തിൽ നിന്നുറക്കെ ചോദിച്ചു  

നിൻ്റെ കുതിരയെ കയറൂരി വിടുന്നതെന്നാണെടാ?


 ഞാൻ എപ്പോഴോ എൻ്റ വേദനകൾ എഴുതാൻ തുടങ്ങി.എൻ്റെ ഒടിഞ്ഞ കൈയക്ഷരത്തോട്  എനിക്ക് തീരെ മതിപ്പില്ലാഞ്ഞിട്ടു കൂടി ഞാൻ  അതിനു തുനിഞ്ഞതിനു കാരണം മൗനത്തിന്റെ ഒരു പുറ്റ്  തന്നെയാണ് പക്ഷേ എൻ്റെ കയ്യക്ഷരം മോശമായിരുന്നു.അതുകൊണ്ട് മത്സരങ്ങൾ അന്യമായി, അധ്യാപകർക്കോ സ്കൂളിനോ വേണ്ടി ഒരു മൊട്ടു സൂചി പോലും ഞാൻ നേടിയിട്ടില്ല

ആരും വിലപിടിപ്പുള്ള പുസ്തകങ്ങൾ വാങ്ങിത്തന്നില്ല. എനിക്ക് അടുക്കും ചിട്ടയും ഇല്ലായിരുന്നു ഇപ്പോഴും അതില്ല 🙂‍↔️ പുസ്തകങ്ങൾ വാരി വലിച്ചിട്ട് മാത്രം വായിച്ച, എന്തും എപ്പോഴും നിലത്തിട്ട, വിരിപ്പും പുതപ്പും ഒരുപോലെ ചുരുട്ടിക്കൂട്ടിയ ആ കുട്ടിക്ക് അക്കങ്ങളുടെ തച്ചു വിദ്യയും അടക്കത്തിൻ്റെ പഴയ നിയമവും മനസിലാവില്ല. നിങ്ങൾക്ക് കുറച്ച് പേർക്കെങ്കിലും വായനയിലേക്ക് നയിച്ച ആരെങ്കിലും ഉണ്ടാവും. എനിക്ക് രാമായണം വായിച്ച് തന്ന വസുമതിയമ്മയ്ക്ക് ഏതാനും നാമസങ്കീർത്തനങ്ങൾ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ


. സ്വയം കണ്ടെത്തലിൻ്റെ വഴികളിൽ യാഥാസ്ഥിതിക പണ്ഡിതന്മാർ വിലക്കിയ ടീവി, സ്മാർട്ട് ഫോൺ , കമ്പ്യൂട്ടർ ഇവയുടെ പുതിയ സങ്കരമായ എഐ ഇതൊക്കെ ഉപയോഗിച്ച് സ്വന്തം ജീവിതം ആസ്വാദ്യകരവും ആയാസകരവുമാക്കിയ ഞാൻ അഹങ്കാരി തന്നെയാണ്. ഇപ്പോൾ ഞാൻ സ്മാർട്ട് ഫോണിൽ എഴുതുന്നു, പക്ഷേ ഇതൊക്കെ നേരത്തെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് 

ഇപ്പോഴത്തെ കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാർ

അധ്യാപകരാണ്. ഇഫ്ലൂവിൽ എനിക്ക് പ്രിയപ്പെട്ട ഒരുപാട് ന്യൂ ജനറേഷൻ അധ്യാപകരുണ്ട്. അവരൊക്കെ എഴുതി വായിച്ചു തിരുത്തിയ ഒരു നോട്ട് ബുക്ക് മാത്രമാണല്ലോ ഞാൻ!


പക്ഷേ എന്റെ കൈയക്ഷരം വായിച്ചു നോക്കിയ എല്ലാ മനുഷ്യരും എന്റെ ഒപ്പം നിന്നിട്ടേയുള്ളൂ.അഹങ്കാരവും ആത്മവിശ്വാസവും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള സമൂഹമാണ് നമ്മുടേത് . നോട്ട് ബുക്ക് എന്തെന്നു പോലും അറിയാതെയാണ് ഞാൻ കുരുവിക്കൂട് ശ്രീദയാനന്ദ  എൽ പി സ്കൂളിൽ കയറിച്ചെന്നത്, ആ എന്നെ ഡോക്ടറേറ്റിൻ്റെ പടിവാതിൽക്കൽ വരെ കൊണ്ടെത്തിച്ച എല്ലാ കൈകളേയും നന്ദിയോടെ ഓർക്കുന്നു. എൻ്റെ കുതിര ഇതാ പുറപ്പെടുന്നു താളുകൾ മറിയുന്നു.



എല്ലാ തുടക്കവും ഇടറാതെ തുടരാൻ തുണയ്ക്കുക കാണായ വിണ്ണിൻ്റെ കാടാകും മണ്ണിന്റെ, വാക്കായ ശബ്ദത്തിന്റെ പാടുന്ന കാറ്റിന്റെ ഉടയോളേ!

 


Comments