പണ്ട് പണ്ടൊരു ശനിയാഴ്ച ..
എൻ്റെ കഥ എഴുതുന്നത് എപ്പോൾ വേണമെങ്കിലും അത് തീർന്നു പോകും എന്ന പേടിയോടെ തന്നെയാണ്. "എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും " ഇക്കാലത്തെ ചെറുപ്പക്കാർ ഈ വരി കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ പൂന്താനം തിരുമേനി പറഞ്ഞത് അന്നുമിന്നും സത്യമാണ്. എൻ്റെ ആയുസ്സ് തീരും മുമ്പ് ഈ സ്വയം തള്ളൽ കഥ വൈറൽ ആവണം എന്ന് ഞാൻ പറഞ്ഞാൽ അതിമോഹമാണ് ദിനേശാ " എന്ന് നിങ്ങൾ പറയും. പക്ഷേ ഇത് എനിക്ക് എന്നെ അടയാളപ്പെടുത്താൻ ഒരെളുപ്പവഴിയാണ്.കോട്ടയം പൊൻകുന്നം KVMS (ഇപ്പോഴത്തെ അരവിന്ദാ ആശുപത്രി) ആണ് എൻ്റെ ജനനം കൊണ്ട് തീരെ അറിയപ്പെടാൻ സാധ്യത ഇല്ലാത്ത ഇടം. അവിടെ ചന്ദ്രശേഖരൻ കർത്തായുടേയും ലളിതാമണിയുടേയും എളിയ ഇളയ പുത്രനായി ഞാൻ ജനിച്ചത് 1994 ജൂൺ മാസം 4നാണ്. അന്നൊരു ശനിയാഴ്ചയായിരുന്നു ഏകദേശം ആറര സമയം അന്തിക്കടപ്പുറത്തിരുന്ന് മാനം വാഴുന്ന പൊന്നരയൻ നീട്ടിത്തുപ്പി. അതാ ഞാൻ!
ഈ ഒരുകിലോ മാത്രമുള്ള എറച്ചിക്കഷണമാണ് നിങ്ങളുടെ ഹീറോ!! വിശ്വസിച്ചാലും ഇല്ലെങ്കിലും. പക്ഷേ എനിക്ക് വേണ്ടി ആരും സ്വർണ ഖനി ഒന്നും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഒരു റോക്കീ ഭായി ആവുമോ എന്നറിയില്ല. ഏതായാലും നൂറു വാട്ട് ബൾബാണ് എൻ്റെ ജീവിതം രക്ഷിച്ചത്. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുപോലും ജയിൽചാടിയവനാണ് ഞാൻ. പക്ഷേ ആ തിരക്കിൽ എൻ്റെ തലച്ചോറിന്റെ മോട്ടോർ കോർട്ടെക്സിലേക്ക് വേണ്ടത്ര ചോര എത്തിയിട്ടില്ലായിരുന്നു.ഡോക്ടർമാർക്ക് വേറെ വഴിയില്ലായിരുന്നു... ഞാൻ ഈ നരകവാരിധിയിലേക്ക് ഞാൻ അര നരജന്മമായി പുറത്ത് വന്നു.. അമ്മ കുറേ കരഞ്ഞിരിക്കണം വസുമതിയമ്മ എന്ന അമ്മൂമ്മ കുറേ പ്രാർത്ഥിച്ചിരിക്കണം ഞാൻ രക്ഷ..പെട്ടു
പക്ഷേ ഏ ആർ റഹ്മാൻ ചെയ്ത ഒരു പാട്ട് പോലെ "
നാൻ യേൻ പിറന്തേൻ കണ്ണെ തിറന്തേൻ എനക്കേ തെരിയാത്" എന്ന പോലെ ഒരന്തോം കുന്തോമില്ലാതെയാണ് ഞാൻ വളർന്നത്. കട്ടിലിൽ കിടന്നുകൊണ്ട് മാത്രം ലോകത്തെ ഒപ്പിയെടുത്ത ശ്വസിക്കുന്ന ക്യാമറ! പക്ഷേ എനിക്ക് ചുറ്റുമുള്ളവർ ക്ക് അതിന്റെ നെഗറ്റീവ് ഫിലിം എങ്ങനെയാണ് പ്രൊസസ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു. ഇളമ്പള്ളിയിലെ ആ കാലം വലുതായൊന്നും ഓർമ്മയില്ല . കുരുവിക്കൂട് എന്ന മറ്റൊരു സ്ഥലത്തേക്ക് അമ്മയ്ക്ക് മാറ്റം കിട്ടിയപ്പൊഴാണ്
എൻ്റെ വിദ്യാഭ്യാസം എന്ന വിഷയം വീട്ടുകാർ ചർച്ചയ്ക്കെടുത്തത്.
നഴ്സറി സ്കൂളിൽ പോകാൻ എനിക്ക് മടിയായിരുന്നു , എനിക്ക് മറ്റ് കുട്ടികളോട് ചെറുതല്ലാത്ത കുശുമ്പ് ഉണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറഞ്ഞു പരത്തിയത് സത്യത്തിൽ ആ സമയത്ത് നല്ല ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ സേവനം കിട്ടിയിരുന്നെങ്കിൽ ഞാൻ അത്രയും കുശുമ്പുള്ള ചെറുക്കൻ ആവില്ലായിരുന്നു ! നല്ലൊരു ഫിസിയോ തെറാപ്പി സെന്റർ പോലും ഇല്ലായിരുന്നു... പിന്നല്ലേ ചൈൽഡ് സൈക്കോളജിസ്റ്റ്!
ഏതായാലും മിന്നാരത്തിൽ പപ്പുച്ചേട്ടൻ വരുന്നത് പോലെ ഒരു ഭീകരൻ എഴുത്താശാൻ പ്രത്യക്ഷപ്പെട്ടു! കുറേ തല്ല് കൊണ്ടിട്ടാണ് അക്ഷരങ്ങൾ പഠിച്ചത്. അക്ഷരം പഠിപ്പിക്കാൻ ഏറ്റവും നല്ല രീതി മണലിൽ എഴുതിക്കൽ തന്നെയാണ്, പക്ഷേ തല്ലുകൊണ്ടപ്പോൾ എൻ്റെ തലച്ചോറിൽ നശിച്ച കോശങ്ങളുടെ കൂട്ടത്തിൽ ആ മനുഷ്യന്റെ പേരും ഒലിച്ചു പോയി. കുഞ്ഞായിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർത്തുവയ്ക്കുക കെട്ടിപ്പിടിത്തങ്ങളാണ് താലോലങ്ങളാണ്. പക്ഷേ നമ്മുടെ മുമ്പത്തെ തലമുറയ്ക്ക് ഇപ്പോഴും തല്ലിയ കർക്കശക്കാരായ അച്ഛൻ, അമ്മ, അധ്യാപകർ ഇവരെ ന്യായീകരിക്കാൻ നൂറു നാവാണ്. എഴുത്താശാനുമായിട്ടുള്ള ഈ ഇടപെടൽ എന്നിൽ സ്കൂൾ എന്ന പ്രസ്ഥാനത്തോട് ചില്ലറ പേടി ഒന്നുമല്ല ഉണ്ടാക്കിയത്..
Comments
Post a Comment